Friday, October 15, 2010

ഫലവും ഫാരതവും പിന്നെ ഫിലോമിനയും...

തെക്ക് താമസിക്കുന്ന അഥവാ തെക്കന്മാർക്കിടയിൽ താമസിക്കുന്ന വടക്കന്മാർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഫ എന്ന അക്ഷരത്തെച്ചൊല്ലി ഉള്ള തർക്കം.പ്രത്യേകിച്ച് തെക്ക് ഭാഗത്തെ ആളുകൾക്കെതിരെ..അത് പ്രായജാതിമതഭേദമന്യേ ഉള്ള വല്യൊരു സംഭവമാണെന്ന് പലർക്കും അറിയാമായിരിക്കും. അവർക്ക് സ്കൂളുകളിൽ പോലും 'ക ഇക്ക ഗ ഇക്ക ങ' എന്നത്രേ പഠിപ്പിക്കുക. അതിന്റെ തർക്കത്തെക്കുറിച്ചെഴുതാൻ നിന്നാൽ അതിവിടംകൊണ്ട് നിൽക്കില്ല.അതുകൊണ്ട് ചുരുക്കണം.അതുപോലെത്തന്നെയാണതിന്റെ തർക്കവും.ഒരിടത്തും എത്തില്ല.ഒരിക്കലും...

അപ്പൊ എഞ്ചുവടിയും കുണ്ടാമണ്ടിയുമെടുത്തങ്ങ് തർക്കിക്കാൻ തന്നെ ഇറങ്ങിപ്പുറപ്പെട്ടാലോ? ഒടുവില്‍ തല്ലിന്റെ വക്കെത്താറാവുമ്പോൾ അവർ പറയും, "ഞങ്ങൾ ഫാരതം എന്നു പറയുന്നതറിവില്ലായ്മ അല്ല.അത് കൊളൊക്യലാക്കിയതാ നിങ്ങളെ 'ഇജ്ജ്' പോലെ.അത് തെറ്റു തന്നെ.എന്നു വച്ച് fa ഇല്ലാന്നു പറഞ്ഞാ എന്താ ചെയ്യുക?
അതില്ലെങ്കിൽ പിന്നെ നിങ്ങൾ ഫലത്തിനെന്താ ഭലം എന്നാണോ നിങ്ങൾ പറയുക? phalam ആണത്രേ? falam എന്നുള്ളത് ഇങ്ങനേം വളച്ചൊടിക്കാനിവന്മാർക്ക് തോന്ന്യല്ലോ? അക്ഷരമാല നിങ്ങൾ ഇങ്ങിനെ വായിക്കണം 'pa fa ba bha ma'. അല്ലാതെ നിങ്ങൾക്കെന്തിനാ രണ്ടു bha?"

ദാ കെടക്കണൂ,കെട്ടിപ്പൊക്കിയ എല്ലാ ഫിലോസഫിയും. പിന്നേം അടി.ഇനി ഇതിനപ്പുറം ഒട്ടും അവർ വിട്ടുതരില്ല.അവസാനം ഒരു ചോദ്യവും. "ഇനി നിങ്ങൾ പറയുന്ന പോലെ fa ഇല്ലെങ്കിൽ പിന്നെ ഫിലോമിനക്കും ഫാത്തിമക്കും ഫാനിനുമൊക്കെ എന്തുപറയും? കുടുങ്ങിയോ?അതോ ഇല്ലെ?അപ്പോഴേക്കും സഹവടക്കന്മാരും കുറേശ്ശെ കാലുമാറാൻ തുടങ്ങിയിട്ടുണ്ടാവും,"എടാ ഇവർ പറയുന്നതിലും കുറേശ്ശെ എന്തൊക്ക്യോ ഇദ് ഇല്ലേ?"എന്ന്. അപ്പൊപ്പിന്നെ പോത്തിന്റെ തലയിൽ വേദമോതീട്ടുകാര്യമില്ല എന്നു സ്വയമങ്ങ് സമാധാനിച്ച് ഇറങ്ങിപ്പോരും.(വാദിച്ച് ജയിക്കാനാവാത്ത്തിന്റെ സങ്കടോം ദേഷ്യ്യോം വേറേം)


ഇപ്പൊ പറഞ്ഞ് കഴിഞ്ഞത് ഫൂതം...അയ്യൊ,അല്ല ഭൂതം...ഇനി വർത്തമാനത്തിലേക്ക്.

ഒരു ദിവസം  ഫീമൻ ബ്ലോഗ് വായിച്ചതിന്റെ ബാക്കിയെന്നോണം ഉരുത്തിരിഞ്ഞ ഇത്തരമൊരു ചൂടുള്ള ചർച്ചക്കിടയിലാണൊരു വിരുതൻ കൂനിന്മേൽ കുരു എന്ന പോലെ ഒരു പാരയുമായി വന്നത്.പഹയന്റെ കയ്യിൽ 'വിരുദ്ധ്' എന്ന സിനിമയിൽ ഹരിഹരൻ പാടിയ  'ഗണേശായ ധീമഹി' . കേട്ടുനോക്കിയപ്പോളതാ അതിലൊരു ഗൂഢഗുൽഫൻ ഒളിഞ്ഞിരിക്കുന്നു. സംസ്കൃതത്തിൽ fa ഉണ്ടെങ്കിലെന്ത് കൊണ്ട് മലയാളത്തിലായിക്കൂടാ എന്നായി ലവന്മാർ. ഇതിനകം എന്റെകൂടുണ്ടായിരുന്നവർ സ്ഥലം വിട്ടിരുന്നു. എവിടെയൊക്കെയോ കേട്ടിട്ടുള്ളതിനാലതിൽ ഗൂഢഗുൽഫന്റെ ഫ  ഫിലോമിനയുടെ ഫ അല്ല ഫലത്തിന്റെ ഫ ആണ് എന്നു പറയാനും കഴിഞ്ഞില്ല.അല്ലെങ്കിലും വാക്കുകളില്ലാതെ ചമ്മിനാറിയ ആ അവസരത്തിലങ്ങനെ പറഞ്ഞിരുന്നെങ്കിൽത്തന്നെ അടി ഉറപ്പായിരുന്നു.


എന്തായാലും നനഞ്ഞു. ഇനി സത്യാവസ്ഥ അറിഞ്ഞിട്ടേ കാര്യമുള്ളൂ എന്ന വിചാരത്തിലായിരുന്നു പിന്നീട് ഞാൻ. അങ്ങിനെ ഇന്ന് വീട്ടിൽ വന്ന് ചോദിച്ചപ്പോഴാണ് എന്റെ 'ഫോൺ നമ്പർ ഇതാ,പക്ഷേ വിളിക്കാൻ പാടില്ല' എന്നു പറഞ്ഞ പോലുള്ള മറുപടി.മലയാളത്തിൽ fa ഇല്ല സംസ്കൃതത്തിലും ഉണ്ടാവാൻ സാദ്ധ്യത കുറവാണ്.എന്നാലും ഗൂഢഗുൽഫൻ ഉള്ള ഒരു വാക്കു തന്നെ,ഗണേശ സഹസ്രനാമത്തിൽ മാത്രമല്ല ലളിതാ സഹസ്രനാമത്തിലും.പക്ഷേ ഉച്ചാരണമെങ്ങനെയെന്നറിയില്ല. മാത്രമോ ദിവസവും ഉപയോഗിക്കെണ്ടതെന്ന് പറയപ്പെടുന്ന മറ്റു വിരളം ചില വേദമന്ത്രങ്ങളിലും ഉണ്ട് ഇതേപോലുള്ള വാക്കുകൾ.
അപ്പൊ പിന്നേം ഉത്തരം മുട്ടി.ഇനിയോ, തോൽവി സമ്മതിക്കേണ്ടി വരുമോ? അതോ?
എന്തായാലും രണ്ടിലൊന്നറിഞ്ഞു തന്നെ എന്ന് വിചാരിച്ച് വിളിച്ചു ഒരു സംസ്കൃത വിദ്വാനെ..എന്നു വച്ചാൽ ഋഗ്വേദവും യജുർവേദവും തിരിച്ചും മറിച്ചും ചൊല്ലാനും അർത്ഥം പറയാനും കെൽപ്പുള്ള ഒരു സംസ്കൃതം മാഷെ.അദ്ദേഹം പറഞ്ഞത് ഇതേപോലുള്ള സാഹചര്യങ്ങൾ ഇനിയും കൈകാര്യം ചെയ്യേണ്ടിവന്നേക്കാവുന്ന പാവങ്ങൾക്കായി ഇവിടെ കൊടുക്കുന്നു.

ഒന്ന്,മലയാളത്തിലെന്നല്ല ഒരു ഇന്ത്യൻ ഭാഷകളിലും faകാരം ഇല്ല.മുഗൾസാമ്രാജ്യത്തിന്റെ വരവിനു ശേഷം അവിടെ 'ഫൂലോം കി റാണി' മാറി 'fooലോം കി റാണി' ആയിട്ടുണ്ട്.അത് ഉറുദുവും അറബിയും മിക്സ് ചെയ്തതിൽ നിന്നും വന്ന് ചേർന്നതാണ്.
രണ്ട്,ഗൂഢഗുൽഫൻ ഗൂഢഗുൽഫൻ തന്നെ ആണ്.അല്ലാതെ ഗൂഢഗുൽfaൻ അല്ല.
മൂന്ന്,ഋഗ്വേദത്തിൽ ലിപിയിൽ ഇല്ലെങ്കിലും ചിലയിടങ്ങളിൽ ഒരു പകുതി fa-കാരം പോലെ ഒരു സാധനം വിസര്‍ഗത്തിനു ശേഷം 'പ' പോലെയുള്ള അക്ഷരങ്ങള്‍ വന്നാല്‍ ചൊല്ലാൻ ഉപയോഗിക്കാറുണ്ട്,ഉദാ:"സനഫ്പരിഷദ്", എന്നാലത് ലിപിയിലൂടെ അല്ല കമ്യൂണിക്കേറ്റ് ചെയ്യേണ്ടത്, വേദമുദ്രകളിലൂടെ ആണ്.അതായത് ചില മുദ്രകൾക്ക് വേണ്ടിയുള്ളതാണത്.മലയാളത്തിൽ യഥാർത്ഥത്തിൽ പനയുടെ ന-യും നദിയുടെ ന-യും ഒരുപോലല്ല എഴുതുക(ഒന്നിന്റെ ആദ്യത്തെ കുനിപ്പ് വലുതാണ്,മറ്റേതിന്റേത് ചെറുതും). എന്നത് പോലെ ആ fa-കാരം പ-യുടെ മുകളിൽ വിസർഗ്ഗം പോലെ ഒരു കുത്ത് ഇട്ടാണ് സൂചിപ്പിക്കുന്നത്.(ബ്രഹ്മാവ് എന്നെഴുതി വേദത്തിലൊഴികെ മറ്റെല്ലായിടത്തും ബ്രംഹാവ് എന്ന് ഉച്ചരിക്കുന്നത് പോലെ അത് വേദത്തിൽ മാത്രം ഉപയോഗിക്കുന്നു).
നാല്, മറ്റ് ഭാഷകളുടെ മിക്സിങ് തെറ്റല്ല എങ്കിലും അതിലൂടെ ഒരു പുതിയ വാക്കല്ലാതെ ഒരു അക്ഷരം സാഥാരണ വരാറില്ല.ഇനി അത് ഒഴിച്ച്കൂടാനാവാത്തതാണെന്ന സാഹചര്യം വന്നാൽ ഉപയോഗിച്ച്കൊണ്ട് വരുന്ന ഒരു അക്ഷരം ഉപയോഗിക്കുകയല്ല മറിച്ച് പുതിയതൊന്നുപയോഗിക്കുകയാണ് വേണ്ടത്.

ഹാവൂ...അപ്പോൾ ഇപ്പൊ സമാധാനമായി. രണ്ടിലൊന്നറിഞ്ഞു എന്നത് കൊണ്ട് മാത്രമല്ലം, ഇനി സധൈര്യം ഒറ്റക്ക് വേണമെങ്കിൽ ഒറ്റക്ക് തന്നെ തർക്കിച്ച് ഒരുമാതിരിപ്പെട്ടവരോടൊക്കെ ജയിക്കാം. ഇനി എതിരാളികൾ തർക്കശാസ്ത്രത്തിൽ നിപുണന്മാരാണെങ്കിൽ പോലും അന്നത്തെപ്പോലെ ചമ്മിനാറേണ്ടി വരില്ല... മാഷിനു നന്ദി!

No comments:

Post a Comment